അധ്യാപകരുടെ ജോലിസംരക്ഷണം ഉറപ്പാക്കണം
തിരുവനന്തപുരം: ജോലിയില്‍ നിന്ന് പുറത്താക്കിയ ഹൈസ്‌കൂള്‍ കോര്‍വിഷയ അധ്യാപകരെ തിരിച്ചെടുക്കണമെന്ന് കോര്‍ സബ്‌ജക്ട് ടീച്ചേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ ആവശ്യപ്പെട്ടു.
സീനിയര്‍മാരായ നൂറിലേറെ അധ്യാപകര്‍ക്കാണ് ഇത്തരത്തില്‍ തൊഴില്‍ നഷ്ടപ്പെട്ടതെന്ന് കോ-ഓര്‍ഡിനേഷന്‍ ഭാരവാഹികളായ ദാമോദരന്‍, ശ്രീജേഷ് പി. എം, ഉണ്ണികൃഷ്‌ണന്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
തങ്ങള്‍ സര്‍വീസില്‍ പ്രവേശിച്ചശേഷം വന്ന ഉത്തരവ് പ്രകാരമാണ് തസ്‌തിക കുറയുമ്പോള്‍ സീനിയറായ അധ്യാപകര്‍ക്ക് ജോലി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. അതേസമയം ജൂനിയര്‍ അധ്യാപകര്‍ സര്‍വീസില്‍ തുടരുകയും ചെയ്യുന്നു.
സീനിയോറിറ്റി പുനഃസ്ഥാപിക്കുക, അധ്യാപകരെ തിരിച്ചെടുക്കുക, 2002ന് മുന്‍ സര്‍വീസില്‍ പ്രവേശിച്ചവരെ വിഷയാനുപാതം പാലിച്ച് സൂപ്പര്‍ന്യൂമററി തസ്‌തികയില്‍ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംഘടനയുടെ നേതൃത്വത്തില്‍ ആഗസ്‌ത് 14ന് അധ്യാപകര്‍ സെക്രട്ടേറിയറ്റ് ധര്‍ണ സംഘടിപ്പിക്കുമെന്നും അറിയിച്ചു. .