ഉത്തരവിലെ അപാകം : മുഖ്യവിഷയം പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് ജോലി പോകും
കണ്ണൂര്‍: സര്‍ക്കാര്‍ ഉത്തരവിലെ അപാകം കാരണം മുഖ്യവിഷയങ്ങള്‍ (കോര്‍ സബ്ജക്ട്സ്) പഠിപ്പിക്കുന്ന സീനിയര്‍ അധ്യാപകര്‍ക്ക് ജോലി നഷ്ടമാകുന്നു. ശാസ്ത്രം, ഗണിതം, സാമൂഹ്യശാസ്ത്രം അധ്യാപകരാണ് നിയമനത്തിന്റെ അനുപാതം മാറ്റിയതോടെ ഭീഷണിയിലായത്. സംസ്ഥാനത്ത് നൂറോളം അധ്യാപകര്‍ ഇത്തരത്തില്‍ ശമ്പളമില്ലാത്തവരാണ്.
നേരത്തെ എയ്ഡഡ് ഹൈസ്കൂളുകളില്‍ 1:1:1 അനുപാതത്തിലാണ് ശാസ്ത്രം, ഗണിതം, സാമൂഹ്യശാസ്ത്രം അധ്യാപകരെ നിയമിച്ചിരുന്നത്. 2002-ല്‍ ഇംഗ്ലീഷ് കൂടി ഉള്‍പ്പെടുത്തി 1:1:1:1 പുതിയ അനുപാതം വന്നതോടെ നേരത്തെ നിയമിച്ച ക്രമം തെറ്റി. മൂന്ന് ശാസ്ത്രാധ്യാപകരുള്ള സ്കൂളില്‍ ഒരു ഇംഗ്ലീഷ് അധ്യാപകന് വന്നാല്‍ ബാക്കി രണ്ടുപേര്‍ അനുപാതത്തില്‍ പെടാതെ അധിക (എക്സസ്) തസ്തികയിലാകും. ഡിവിഷന് കുറയുമ്പോള്‍ പുതുതായി നിയമനം കിട്ടിയ ഇംഗ്ലീഷ് അധ്യാപകനെ നിലനിര്‍ത്തി, എക്സസ് അധ്യാപകനാണ് ജോലി നഷ്ടപ്പെടുക. ഇങ്ങനെ 12 വര്‍ഷം സീനിയര്‍ ആയവര്‍ ഉള്‍പ്പെടെ ആയിരത്തോളം അധ്യാപകര്‍ പുറത്താക്കല്‍ ഭീഷണിയിലാണ്. ഇതിനെതിരെ കോര്‍ സബ്ജക്ട് ടീച്ചേഴ്സ് കോ-ഓര്‍ഡിനേഷന്‍ എന്ന കൂട്ടായ്മ രൂപവത്കരിച്ച് അധ്യാപകര്‍ സമരത്തിനിറങ്ങിയിട്ടുണ്ട്. സാധാരണ ഉത്തരവ് വന്നാല്‍ അതിനുമുമ്പേ സര്‍വീസില്‍ പ്രവേശിച്ചവര്‍ക്ക് സംരക്ഷണം ലഭിക്കുന്ന രീതിയിലാണ് അവ നടപ്പാക്കുക. എന്നാല്‍ നേരേത്തെ സര്‍വീസില്‍ വന്നവര്‍ക്ക് ഭീഷണിയാകുന്ന അവസ്ഥയാണ് ഇപ്പോള്‍. തസ്തികകള്‍ നഷ്ടപ്പെടാന്‍ തുടങ്ങിയപ്പോഴാണ് അധ്യാപകര്‍ക്ക് ഉത്തരവിലെ അപാകം മനസ്സിലായത്.
അതേസമയം ഡിവിഷന് കൂടിയാലും ജോലി നഷ്ടപ്പെടുമെന്ന അവസ്ഥയിലാണ് കോര്‍ സബ്ജക്ട് അധ്യാപകര്‍. ഡിവിഷന് ആനുപാതികമായി ഇംഗ്ലീഷ് അധ്യാപകരെ നിയമിച്ചാല്‍ നേരത്തെയുണ്ടായിരുന്നതില്‍ ചിലര്‍ 'എക്സസ്' ആകും. പിന്നീട് ഡിവിഷന് കുറയുമ്പോള്‍ സീനിയര്‍ അധ്യാപകനാകും പുറത്തുപോകുക.
സര്‍ക്കാര്‍ ഹൈസ്കൂളുകളിലെ നിയമനത്തിനും ഈ പ്രശ്നമുണ്ടെന്ന് കോ-ഓര്‍ഡിനേഷന്‍ സെക്രട്ടറി പി.എം.ശ്രീജേഷ് പറഞ്ഞു. പുതിയ ഇംഗ്ലീഷ് അധ്യാപകന് വന്നാല്‍ ഡിവിഷന് കുറയുമ്പോള്‍ സ്ഥലംമാറ്റം കിട്ടുന്നത് സീനിയര്‍ അധ്യാപകനാകും.
അടുത്തിടെ ജോലി നഷ്ടപ്പെട്ട കൊല്ലത്തെ അധ്യാപകന് ഹൈക്കോടതിയില്‍നിന്ന് അനുകൂലവിധി ഉണ്ടായിരുന്നു. എങ്കിലും സര്‍ക്കാര്‍ ഉത്തരവുണ്ടാകാത്തതുവരെ ഈ പ്രശ്നത്തിന് ശാശ്വതപരിഹാരമുണ്ടാകില്ല. ഈ പശ്ചാത്തലത്തില്‍ കോര്‍ സബ്ജക്ട് അധ്യാപകര്‍ www.cstckerala.blogspot.com എന്ന വെബ്സൈറ്റ് രൂപവത്കരിച്ചിട്ടുണ്ട്.
വി.വി.വിജു