Mathrubhumi Daily

Mathrubhumi Portal
Date : March 29 2009
പുറത്താക്കല്‍ ഭീഷണി നേരിടുന്ന അധ്യാപകര്‍ സമരത്തിലേക്ക്‌
 
മലപ്പുറം: പുറത്താക്കല്‍ ഭീഷണി നേരിടുന്ന അധ്യാപകര്‍ക്ക്‌ ജോലിസംരക്ഷണം ലഭിക്കുന്നതുവരെ സമരപരിപാടികളുമായി മുന്നോട്ടുപോകാന്‍ കോര്‍ സബ്‌ജക്ട്‌ ടീച്ചേഴ്‌സ്‌ കോ-ഓര്‍ഡിനേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. 2002 ജനവരി ഏഴിലെ സര്‍ക്കാര്‍ ഉത്തരവില്‍ ഇംഗ്ലീഷ്‌ അധ്യാപക നിയമനത്തിന്‌ ഇംഗ്ലീഷ്‌ ബിരുദവും ബി.എഡും കഴിഞ്ഞവരെ നിയമിക്കണമെന്ന്‌ പറഞ്ഞിരുന്നു. എന്നാല്‍ ഉത്തരവിനുമുമ്പ്‌ ഇതര വിഷയങ്ങളില്‍ യോഗ്യതയുള്ളവരും ഇംഗ്ലീഷ്‌ പഠിപ്പിച്ചിരുന്നു. അവര്‍ക്ക്‌ ഈ ഉത്തരവിലൂടെ ജോലിക്ക്‌ ഭീഷണി നേരിടുകയാണെന്ന്‌ സംഘടന പറയുന്നു.

ഈ ഉത്തരവുപ്രകാരം 12വര്‍ഷം സര്‍വീസുള്ള അധ്യാപകര്‍പോലും പിരിച്ചുവിടല്‍ ഭീഷണിയിലാണെന്ന്‌ സംഘടന അറിയിച്ചു. സമരപരിപാടിയുടെ പ്രാഥമികഘട്ടമായി ഭീഷണി നേരിടുന്ന അധ്യാപകര്‍ മലപ്പുറം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക്‌ നിവേദനം നല്‍കി. 2002 ജനവരി ഏഴിലെ ഉത്തരവിനുമുമ്പ്‌ സര്‍വീസില്‍ പ്രവേശിച്ച അധ്യാപകര്‍ക്ക്‌ അന്നത്തെ നിയമപ്രകാരം 1:1:1 പ്രകാരം സംരക്ഷണം നല്‍കണമെന്ന്‌ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.

വിവിധ ജില്ലകളില്‍നിന്നായി 250-ഓളം അധ്യാപകര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.

പ്രസിഡന്റ്‌ കെ.പി.ദാദോദരന്‍ അധ്യക്ഷതവഹിച്ചു. സെക്രട്ടറി വി.കെ.രാജീവ്‌ സ്വാഗതവും കൃഷ്‌ണപ്രസാദ്‌ നന്ദിയും പറഞ്ഞു. എന്‍.കൃഷ്‌ണകുമാര്‍, ശ്രീജേഷ്‌, പദ്‌മപ്രസാദ്‌ എന്നിവര്‍ നേതൃത്വം നല്‍കി.